ലോകത്ത് തന്നെ ഏറ്റവും ജനകീയമായ കൂട്ടായ്മയാണ് കുടുംബശ്രീ: മന്ത്രി കെ. രാജൻ
കുടുംബശ്രീ മിഷൻ്റെ സംസ്ഥാനതല ഓണം വിപണനമേളയുടെ ഭാഗമായി വിവിധ മേഖലകളിൽ പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മെറിറ്റ് ഡേ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു.
ഓണാഘോഷങ്ങൾക്ക് മോടി പിടിപ്പിക്കുന്ന രീതിയിൽ സർക്കാർ ഒട്ടനവധി ജനക്ഷേമകരമായ നടപടികൾ സ്വീകരിച്ചതായും കർഷകനും ഉപഭോക്താക്കൾക്കും ഒരുപോലെ ലാഭം ഉണ്ടാക്കുന്ന രീതിയിൽ വിപണിയിൽ സർക്കാർ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയതായും മന്ത്രി പറഞ്ഞു. മലയാളിയെ ചേർത്തുപിടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും കേരളത്തിൽ കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 50 ലക്ഷത്തിലേക്ക് വളരുന്ന ഘട്ടത്തിലാണുള്ളതെന്നും, കേരളത്തിലെ ജീവിച്ചിരിക്കുന്ന ജനസംഖ്യയുടെ ഏഴിൽ ഒരു ഭാഗം കുടുംബശ്രീ അംഗങ്ങളാണെന്നുള്ളത് ലോകത്ത് തന്നെ ഏറ്റവും ജനകീയമായ കൂട്ടായ്മയായി കുടുംബശ്രീയെ ഉയർത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
വിപണന സ്റ്റാളുകൾ ഊർജസ്വലമാക്കുന്നതിനൊപ്പം വയോജനങ്ങൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള പെൻഷൻ സർക്കാർ വിതരണം ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനതലത്തിലെ മികച്ച എഡിഎസ് ആയി തൃശ്ശൂർ ജില്ലയിലെ വരവൂർ സിഡിഎസിലെ തിച്ചൂർ എ.ഡി.എസ് നെ തെരഞ്ഞെടുത്തു. ഐ.ബി.സി.ബി ആൻ്റ് എഫ്.ഐ വിഭാഗത്തിൽ മൂന്നാം സ്ഥാനവും അഗ്രി ആൻഡ് അനിമൽ ഹസ്ബൻഡറി, സോഷ്യൽ ഡെവലപ്മെൻ്റ് ആൻഡ് ജെൻഡർ എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം വരവൂർ സിഡിഎസിന് ലഭിച്ചു. മികച്ച ഓക്സിലറി ഗ്രൂപ്പായി തെരഞ്ഞെടുത്ത പോർക്കുളം സിഡിഎസിലെ “പുനർജനി” യും മികച്ച രണ്ടാമത്തെ ഓക്സിലറി സംരംഭക ഗ്രൂപ്പായി തെരഞ്ഞെടുത്ത വരവൂർ സിഡിഎസിലെ “വൺ 18” യും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
തുടർന്ന് അരങ്ങ് സംസ്ഥാന കലോത്സവം, ബഡ്സ് സംസ്ഥാന കലോത്സവം, ബാലസഭ ശുചിത്വ കോൺക്ലേവ്, ഉജ്ജ്വല ബാല്യം തുടങ്ങി വിവിധ മേഖലകളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ യു. സലീൽ, അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ.കെ. പ്രസാദ്, കെ. രാധാകൃഷ്ണൻ, ജില്ലാ പ്രോഗ്രാം മാനേജർമാരായ അജിഷ എം എ, വിനീത എ കെ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു



