THRISSUR

പുതിയ അധ്യയന വർഷം, പുതിയ പ്രതിജ്ഞ: ‘കരുതലായ് കാവലായ്’ പദ്ധതിയിലൂടെ ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് ബോധവത്കരണപാഠം

പുതിയ അധ്യയന വർഷം, പുതിയ പ്രതീക്ഷകൾക്കൊപ്പം ലഹരിക്കെതിരെ പുത്തൻ പാഠങ്ങൾ പഠിപ്പിക്കുകയാണ് തൃശ്ശൂർ റൂറൽ പൊലീസ്. വിദ്യാർത്ഥികളിൽ മയക്കുമരുന്ന് വിരുദ്ധ അവബോധം വളർത്തുന്നതിനായി നടപ്പിലാക്കുന്ന കരുതലായ് കാവലായ് പദ്ധതിക്ക് ശ്രീ പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ. യു.പി സ്കൂളിൽ തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

ജില്ലയിലെ 500 ഓളം വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം ആലേഖനം ചെയ്ത രണ്ട് ലക്ഷം നെയിം സ്ലിപ്പുകളും മിഠായികളും റൂറൽ പൊലീസിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഫെഡറൽ ബാങ്ക് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയത്.

സംസ്ഥാന വ്യാപകമായി പൊലീസ് ഈ അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കരുതലായ് കാവലായ് പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം കുറിച്ചത്.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ പദ്ധതി വിശദീകരണം നടത്തി.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, ഫെഡറൽ ബാങ്ക് പോട്ട ബ്രാഞ്ച് മാനേജർ ജെയ്സൺ തെക്കേക്കര, സെക്യൂരിറ്റി ഓഫീസർ ജിജോ ജോസഫ്, സ്കൂൾ പ്രധാന അധ്യാപിക ഇ.ടി ഷെൽബി, ഇരിങ്ങാലക്കുട ബി പി സി കെ ആർ സത്യപാലൻ, പി.ടി.എ പ്രസിഡണ്ട് സനീഷ് നടയിൽ, എം.പി.ടി.എ പ്രസിഡണ്ട് അശ്വതി ശരത്, സ്റ്റാഫ് സെക്രട്ടറി,അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.