വടക്കാഞ്ചേരി ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടം നിർമ്മിക്കുന്നു
വടക്കാഞ്ചേരി: വടക്കാഞ്ചേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. എം.എൽ.എയുടെ പരിശ്രമഫലമായി സംസ്ഥാന സർക്കാരിൻ്റെ ബഡ്ജറ്റ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി 150 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ടെണ്ടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി 12 മാസത്തെ പൂർത്തീകരണ കാലാവധിയോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കെട്ടിടത്തിൻ്റെ ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റാഫ് റൂം, രണ്ട് ലാബ് റൂമുകൾ, വാഷിംഗ് ഏരിയ, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയും, ഒന്നാം നിലയിൽ ലൈബ്രറി, രണ്ട് ക്ലാസ്സ് റൂമുകൾ, സിക്ക് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് ഉൾപ്പെടെ 4305 സ്ക്വയർഫീറ്റ് വിസ്‌തൃതിയാണ് പുതിയ കെട്ടിടത്തിന്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുക. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായി. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ സ്വാഗതവും തൃശ്ശൂർ ടെക്‌നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് പി. ജയപ്രസാദ് നന്ദിയും പറഞ്ഞു. പി.ഡബ്ല്യൂ.ഡി. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സാൻ്റോ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ, കൗൺസിലർ സരിത ദീപൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



