വരന്തരപ്പിള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു
വരന്തരപ്പിള്ളി: സംസ്ഥാന സർക്കാരിൻ്റെ ‘റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ്’ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വരന്തരപ്പിള്ളി ഉൾപ്പെടെയുള്ള സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. രണ്ടു നിലകളിലായി 44 ലക്ഷം രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് പൂർത്തിയാക്കിയത്. പുതിയ ഓഫീസ് മുറികൾ, ഫർണിച്ചറുകൾ, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയ്ക്ക് പുറമെ, ഭിന്നശേഷി സൗഹൃദ റാമ്പും ഇവിടെ ഒരുക്കിയിട്ടുണ്ട്. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വിഎസ് പ്രിൻസ് മുഖ്യാതിഥിയായി. തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം ചന്ദ്രൻ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ്, ചാലക്കുടി തഹസിൽദാർ കെ എ ജേക്കബ് എന്നിവരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുത്തു.



