THRISSUR

മാന്ദാമംഗലത്ത് കെ എസ്എഫ്ഡിസി മൾട്ടിപർപ്പസ് തിയറ്റർ കോംപ്ലക്സിന് റവന്യൂ വകുപ്പ് ഭൂമി കൈമാറി

റവന്യൂ മന്ത്രി കെ രാജനിൽ നിന്ന് ഭൂമിയുടെ രേഖ മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി

ഒല്ലൂർ ടൂറിസം സർക്യൂട്ടിൻ്റെയും അന്താരാഷ്ട്ര സുവോളജിക്കൽ പാർക്ക് ഉൾപ്പെടെയുള്ള പുത്തൂരിൻ്റെയും വികസനത്തിന് ആക്കം കൂട്ടുന്ന മാന്ദാമംഗലം മൾട്ടിപർപ്പസ് തിയറ്റർ കോംപ്ലക്സിനുള്ള ഭൂമിയുടെ രേഖ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കൈമാറി. റവന്യൂ മന്ത്രി പ്രതിനിധാനം ചെയ്യുന്ന ഒല്ലൂർ നിയോജക മണ്ഡലത്തിലെ മാന്ദാമംഗലം വില്ലേജിൽപ്പെട്ട ഒരു ഏക്കർ റവന്യൂ പുറമ്പോക്ക് ഭൂമിയാണ് സംസ്കാരിക വകുപ്പിന് കൈമാറിയത്.

ഭൂമി ലഭ്യമാക്കുന്നതിന് കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് റവന്യൂ മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. റവന്യൂ മന്ത്രി നിർദ്ദേശിച്ചതനുസരിച്ച്, തൊട്ടടുത്ത ദിവസം റവന്യൂ, വനം, സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും ഭൂമി തിട്ടപ്പെടുത്തി റിപ്പോർട്ട് കളക്ടർക്ക് കൈമാറി.

കളക്ടറുടെ റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയും ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി, വ്യവസ്ഥകളോടെ സാംസ്കാരിക വകുപ്പിന് കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ഒരപ്പൻകെട്ട് വെള്ളച്ചാട്ടം, പീച്ചി ഡാം, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – അന്താരാഷ്ട്ര പൂന്തോട്ടം – ചിത്രശലഭ മ്യൂസിയം, പുത്തൂർ സുവോളജിക്കൽ പാർക്ക്, പുത്തൂർ കായൽ ടൂറിസം, കച്ചിത്തോട്, വല്ലൂർ കുത്ത്, ചിയ്യാരം വാക്കിങ് സ്ട്രീറ്റ് തുടങ്ങി ഒല്ലൂർ മണ്ഡലത്തിലെ പ്രകൃതി രമണീയമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ചേർന്നതാണ് ഒല്ലൂർ ടൂറിസം സർക്യൂട്ട്. ഇക്കൂട്ടത്തിലേക്ക് കേരള ചലച്ചിത്ര വികസന കോർപറേഷൻ്റെ മൾട്ടിപർപ്പസ് തിയറ്റർ കോംപ്ലക്സ് കൂടി പുത്തൂരിൽ വരുന്നതോടെ മേഖലയുടെ അടിസ്ഥാന, സാമ്പത്തിക വളർച്ച വിവരണാതീതമാകും. പുത്തൂർ സുവോളജിക്കൽ പാർക്കിന് സമീപമാണ് തിയറ്റർ കോംപ്ലക്സ് സ്ഥാപിക്കുന്നത്.

ദേശീയപാത 544 ൽ നിന്ന് പട്ടിക്കാട് ജംഗ്ഷനിലൂടെയുള്ള മലയോര ഹൈവേയും കുട്ടനെല്ലൂർ ജംഗ്ഷനിൽ നിന്ന് പുത്തൂർ വഴി ബിഎംബിസി നിലവാരത്തിലുള്ള മോഡൽ റോഡും തിയറ്റർ കേംപ്ലക്സിലേക്കുള്ള യാത്ര സുഗമമാക്കും.

റവന്യൂ മന്ത്രിയുടെ ചേമ്പറിൽ നടന്ന രേഖ കൈമാറ്റ ചടങ്ങിൽ കേരള ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) ചെയർപേഴ്സൺ കെ മധു, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി അനു എസ് നായർ, കെ എസ്എഫ്ഡിസി മാനേജിങ് ഡയറക്ടർ പി എസ് പ്രിയദർശനൻ തുടങ്ങിയവർ പങ്കെടുത്തു.